കറ്റാനം: പഠനത്തോടപ്പം കായികരംഗത്തും മികവ് തെളിയിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ കായിക പദ്ധതിക്കു തുടക്കം. ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികൾക്ക് കായികരംഗത്ത് കൂടുതൽ പരിശീലനം നൽകാൻ ലക്ഷ്യമിട്ടാണ് പദ്ധതി.
ഇതിനായി ഫുട്ബോൾ, വോളിബോൾ, കാരംസ് ബോർഡ്, ചെസ് ബോർഡ്, ഷട്ടിൽ ബാഡ്മിന്റൺ, സ്കിപ്പിംഗ് റോപ്പ്, റിംഗ് തുടങ്ങിയ കായിക ഉപകരണങ്ങൾ ക്രമീകരിച്ചു. ഡ്രിൽ പീരിഡിലും വൈകുന്നേരവും കുട്ടികൾക്ക് പരിശീലനം നൽകുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. കായിക അധ്യാപകൻ ജോജി വർഗീസ് പരിശീലനത്തിന് നേതൃത്വം നൽകും.
സ്കൂൾ പ്രിൻസിപ്പൽ സി.റ്റി. വർഗീസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.